തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. ഒക്ടോബർ 14-ന് ബസുടമകളും കുടുംബങ്ങളും സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. തുടർന്ന് ഒക്ടോബർ അവസാന വാരം സംഘടനാ ഭാരവാഹികൾ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തും. ഇതിനുശേഷവും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കുക, ടൈമിംഗ് കോൺഫറൻസുകൾ ഓൺലൈനായി മാത്രം നടത്തണമെന്ന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും വിദഗ്ധ സമിതിയും മുന്നോട്ടുവച്ച പാക്കേജുകളോ, പെർമിറ്റുള്ള ബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താമെന്ന വിദഗ്ധ സമിതി ശുപാർശയോ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകാത്തതിനെ തുടർന്നാണ് സംഘടന പ്രക്ഷോഭത്തിലേക്ക് കടക്കുന്നത്.
