Zygo-Ad

'പ്രിയദർശിനി' വഴി സൗജന്യമായി യാത്ര ചെയ്തത് 15 കോടിയോളം പേർ; എല്ലാ ബസുകളിലും സൗജന്യയാത്ര പരിഗണനയിലില്ലെന്ന് മന്ത്രി സി.പി. ജോൺ


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ 'പ്രിയദർശിനി' പദ്ധതി ആരംഭിച്ചതിന് ശേഷം കഴിഞ്ഞ 115 ദിവസത്തിനിടെ 15 കോടിയോളം വനിത, ട്രാൻസ്‌ജെൻഡർ യാത്രക്കാർ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയതായി സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതി തുടങ്ങിയത് മുതൽ ഒക്ടോബർ 7 വരെയുള്ള കണക്കനുസരിച്ച് 14,99,83,738 പേരാണ് ആകെ യാത്ര ചെയ്തത്. പ്രതിദിനം ശരാശരി 13.05 ലക്ഷം പേരാണ് ഈ ആനുകൂല്യം ഉപയോഗിക്കുന്നത്.

പദ്ധതിക്ക് മുൻപ് ഓർഡിനറി സർവീസുകളിൽ വനിതാ യാത്രക്കാരുടെ പ്രതിദിന ശരാശരി 6.48 ലക്ഷം മാത്രമായിരുന്നു. പദ്ധതി നടപ്പിലായതോടെ 101 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വനിതാ യാത്രക്കാരുടെ എണ്ണത്തിലും 94 ശതമാനം വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കെ.എസ്.ആർ.ടി.സി.യിലെ എല്ലാ ബസുകളിലേക്കും സ്ത്രീകൾക്ക് സൗജന്യയാത്ര വ്യാപിപ്പിക്കുന്നതോ, ഓർഡിനറി ബസുകളില്ലാത്ത റൂട്ടുകളിൽ സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നതോ നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു. പദ്ധതി വന്നതോടെ സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്നും, ഓർഡിനറി ബസുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് സർവീസുകൾ കുറവുള്ള മേഖലകളിലേക്ക് പുനഃക്രമീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ