Zygo-Ad

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി ശക്തം; എലിപ്പനി മരണം 100 കടന്നു, ആകെ മരണം 478 ആയി


തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം അതീവ രൂക്ഷമായി തുടരുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 100 കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 118 പേരാണ് എലിപ്പനി മൂലം ജീവൻ വെടിഞ്ഞത്. ഇന്ന് മാത്രം ഒരാൾ മരണപ്പെട്ടു.

ഇതുവരെ 2,308 പേർക്കാണ് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 9 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. എലിപ്പനിക്ക് പുറമേ ഡെങ്കിപ്പനി, ഇൻഫ്ലുവൻസ തുടങ്ങിയ മറ്റ് പകർച്ചവ്യാധികളും വ്യാപകമാണ്. 99 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നതിൽ 40 പേർ നിലവിൽ ചികിത്സയിലാണ്. 123 പേരുടെ ജീവനെടുത്ത ഇൻഫ്ലുവൻസ ബാധിച്ച് 22 പേരും ചികിത്സയിൽ കഴിയുന്നു. വിവിധ ജില്ലകളിലായി പനി ബാധിച്ച് ആകെ 7,048 പേർ ചികിത്സ തേടിയിട്ടുണ്ട്. ഈ വർഷം ഇതുവരെ വിവിധ പകർച്ചവ്യാധികൾ മൂലം 478 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്.

ആരോഗ്യവകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ:

 * എലിപ്പനി പ്രതിരോധം: മഴക്കാലത്തും തുടർന്നുമുള്ള മലിനജല സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക. മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ (Doxycycline) വാങ്ങി കഴിക്കേണ്ടതാണ്.

 * ഡെങ്കിപ്പനി നിയന്ത്രണം: വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാകണം.

 * സ്വയംചികിത്സ ഒഴിവാക്കുക: പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ ഉടനടി അടുത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സ തേടണം.



വളരെ പുതിയ വളരെ പഴയ