Zygo-Ad

പൂജ അവധി: കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

 


പൂജാ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്‍ത്ത് - മംഗളുരു ജങ്ഷന്‍ സ്‌പെഷ്യല്‍ (ട്രെയിൻ നമ്പർ 06155) ഒക്ടോബർ 20 ന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജങ്ഷനില്‍ എത്തും.

മടക്ക ട്രെയിന്‍ (06156) ഒക്ടോബർ 21 ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. ആലപ്പുഴ വഴിയാണ് ഈ ട്രെയിൻ സര്‍വീസ് നടത്തുന്നത്. രണ്ട് സെക്കന്‍ഡ് എസി, മൂന്ന് തേഡ് എ.സി, മൂന്ന് തേഡ് എ.സി ഇക്കോണമി, ആറ് സ്ലീപ്പര്‍, നാല് ജനറല്‍ എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകളുടെ ഘടന.

ഇതിനുപുറമേ, തിരുവനന്തപുരം നോര്‍ത്ത് - ചെന്നൈ താംബരം സ്‌പെഷ്യല്‍ ട്രെയിൻ 20 ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിനായ 06163 നമ്പര്‍ ട്രെയിൻ 21 ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. നാഗര്‍കോവില്‍, മധുര, വില്ലുപുരം വഴിയാണ് ഈ സർവീസ് കടന്നുപോകുന്നത്. ഇതിൽ 16 തേഡ് എ.സി കോച്ചുകളും, രണ്ട് സ്ലീപ്പർ കോച്ചുകളും, ഒരു ജനറൽ കോച്ചും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്രത്യേക ട്രെയിനുകൾക്കായുള്ള റിസര്‍വേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് 


 

വളരെ പുതിയ വളരെ പഴയ