വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ക്രമക്കേടുകൾ കാട്ടിയാൽ വലിയ തുക പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. രജിസ്ട്രേഷൻ നമ്പർ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണെങ്കിലും, പല വാഹന ഉടമകളും ഇത് ലാഘവത്തോടെയാണ് കാണുന്നത്. ഇഷ്ടപ്പെട്ട രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കുക, ചിലർ മറച്ചുവെക്കുക, അഴിച്ചുവെക്കുക, കാണാതിരിക്കാൻ ചെളി വാരിത്തേക്കുക തുടങ്ങിയ പ്രവൃത്തികൾ വ്യാപകമാണെന്ന് എംവിഡി സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
ഇത്തരം നിയമലംഘനങ്ങൾ മൂലം അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ടാവുകയും, ഹിറ്റ് ആൻഡ് റൺ കേസുകളിൽ ഇരകൾക്ക് കിട്ടേണ്ട ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും എംവിഡി ചൂണ്ടിക്കാട്ടുന്നു. രജിസ്ട്രേഷൻ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി ഇത്തരം പ്രവൃത്തികൾക്ക് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 3000 രൂപയും, മീഡിയം അല്ലെങ്കിൽ ഹെവി വാഹനങ്ങൾക്ക് 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്.
എംവിഡി ചൂണ്ടിക്കാട്ടുന്ന പ്രധാന നിയമലംഘനങ്ങൾ:
നമ്പർ പ്ലേറ്റ് അഴിച്ചു വെക്കുക.
നമ്പർ പ്ലേറ്റ് വളച്ച് വെക്കുക.
നമ്പർ കാണാത്ത തരത്തിൽ മറച്ചുവെക്കുക.
നമ്പർ പ്ലേറ്റിന്റെ ഒരു ഭാഗം മുറിച്ചു കളയുക.
കാണാതിരിക്കാൻ കരി ഓയിൽ, ചെളി മുതലായവ തേച്ചു വെക്കുക.
ഏതെങ്കിലും ഒരു അക്കത്തിനു മേൽ എന്തെങ്കിലും ഒട്ടിച്ചു വെക്കുക.
നമ്പർ പ്ലേറ്റ് തന്നെ വിചാഗിരി വെച്ച് ആവശ്യത്തിന് മടക്കി വെക്കുക.
ആവശ്യാനുസരണം റിമോട്ട് വഴി പ്ലേറ്റിനെ കവർ ചെയ്യുക.
ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയൽ കൊണ്ട് നമ്പർ പ്ലേറ്റ് ഉണ്ടാക്കുക.
നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രങ്ങൾ, എഴുത്തുകൾ ഒട്ടിക്കുക.
ടെമ്പററി രജിസ്ട്രേഷൻ നമ്പർ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കങ്ങൾക്ക് പകരം ചുവന്ന പ്രതലത്തിൽ വെളുത്തതോ, കറുത്തതോ നിറമുള്ള അക്കത്തിൽ എഴുതുക.
ട്രാൻസ്പോർട്ട് വാഹനങ്ങളിൽ സൈഡിൽ നമ്പർ എഴുതാതിരിക്കുക.
ബാറ്ററി ഓപ്പറേറ്റഡ് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ അക്ഷരത്തിനു പകരം വെളുത്ത അക്ഷരത്തിൽ എഴുതുക.
ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക.
