കണ്ണൂർ: കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലെ തിരഞ്ഞെടുപ്പ് തോൽവിയും വോട്ട് ചോർച്ചയും വിശകലനം ചെയ്ത് സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സ്വയംവിമർശനം. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചതായി റിപ്പോർട്ടിൽ തുറന്നുസമ്മതിക്കുന്നു.
പാർട്ടി വോട്ടുകൾ ചോരുമെന്ന് മുൻകൂട്ടി കാണുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി. കീഴ്ഘടകങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും ചർച്ചകളും ഗൗരവത്തോടെ കാണാത്തത് വലിയ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂരിലെ വിഭാഗീയത തോൽവിക്ക് പ്രധാന കാരണമായെന്നും, എന്നാൽ ഇത് പരിഹരിക്കുന്നതിലും ഐക്യത്തോടെ സംഘടനയെ നയിക്കുന്നതിലും ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി അംഗീകരിച്ച കണക്കുകൾ സാധാരണ അംഗങ്ങൾക്ക് ബോധ്യപ്പെടുത്താൻ സാധിച്ചില്ലെന്നും, വിഭാഗീയത പൂർണ്ണമായും ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് യോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ. പി. ജയരാജൻ, പി. കെ. ശ്രീമതി, കെ. കെ. ശൈലജ, കെ. എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് ജോൺ ബ്രിട്ടാസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ജയരാജൻ, എം. വി. ജയരാജൻ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
