Zygo-Ad

ബേക്കറികളിലെ വൈൻ വിൽപ്പന: വിവാദ ഉത്തരവ് റദ്ദാക്കി; അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് റദ്ദാക്കാനും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന് പിന്നാലെ, ഉത്തരവിറക്കിയ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. പകരം വി. സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. അനിൽ കുമാറിന് പുതിയ നിയമനങ്ങളൊന്നും നൽകിയിട്ടില്ല.

ചാലക്കുടിയിലെ എംസിആർ ബേക്കറിക്ക് നൽകിയ ഹോർട്ടിവൈൻ വിൽപ്പന ലൈസൻസ് സർക്കാർ റദ്ദാക്കി. കൂടാതെ, പുതിയ മദ്യനയ പ്രഖ്യാപനം വരുന്നതുവരെ ഹോർട്ടിവൈനുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിർത്തിവയ്ക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകി. മാളുകളിലും ബേക്കറികളിലും വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് കമ്മീഷണർ ഉറപ്പുവരുത്തേണ്ടതുണ്ട്.

സർക്കാരിന്റെയോ വകുപ്പ് മന്ത്രിയുടെയോ അറിവോ അനുമതിയോ കൂടാതെയാണ് ഉദ്യോഗസ്ഥ തലത്തിൽ ഇത്തരമൊരു തീരുമാനമുണ്ടായതെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കിയിരുന്നു. മാധ്യമ വാർത്തകളിലൂടെയാണ് വിഷയമറിഞ്ഞതെന്നും, സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടിയതായും മന്ത്രി അറിയിച്ചു. സുപ്രധാന നയപരമായ തീരുമാനത്തിൽ എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, നിയമപരമായ ചട്ടങ്ങൾ പാലിച്ചാണ് നടപടിയെന്നാണ് എക്‌സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം. മുൻ സർക്കാരിന്റെ കാലത്ത് ലഭിച്ച അപേക്ഷയിൽ കഴിഞ്ഞ ജൂണിലാണ് ലൈസൻസ് അനുവദിച്ചതെന്നും, 10,000 രൂപ വാർഷിക ഫീസിൽ 20 ശതമാനം കമ്മീഷൻ വ്യവസ്ഥയിലായിരുന്നു വിൽപ്പന അനുമതിയെന്നും കമ്മീഷണറേറ്റ് വ്യക്തമാക്കി.

ബേക്കറികൾ പോലെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പ്രാപ്യമായ സ്ഥാപനങ്ങൾ വഴി മദ്യത്തിന്റെ ഗണത്തിൽപ്പെടുന്ന വൈൻ വിൽക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.



വളരെ പുതിയ വളരെ പഴയ