നെടുമ്പാശ്ശേരി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ കാറിന്റെ മരണപ്പാച്ചിലിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അപകടസമയത്ത് മിനികൂപ്പർ 150 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചത്. അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള സുഹൈലിനൊപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്. അപകടത്തിന് അഞ്ച് സെക്കന്റ് മുൻപ് ചിത്രീകരിച്ച ദൃശ്യത്തിൽ കാറിന്റെ സ്പീഡോ മീറ്റർ വ്യക്തമായി കാണാം.
അതേസമയം വാഹനത്തിന്റെ ഇഡിആർ (Event Data Recorder) കൂടുതൽ പരിശോധനകൾക്കായി ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷം മാത്രമേ ഇതിലെ വിവരങ്ങൾ പൊലീസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യത നയങ്ങൾ മുൻനിർത്തിയാണ് ഈ നടപടി. ഇതോടെ അപകട സമയത്തെ വാഹനത്തിന്റെ സാങ്കേതിക വിവരങ്ങൾ ലഭിക്കുന്നത് വൈകാനാണ് സാധ്യത.
അതിനിടെ കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ് ആന്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. 19 കാരനായ ഡ്രൈവർ സുഹൈൽ സജീവിനെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി. അഡ്വക്കേറ്റ് ജോൺ എസ് റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ ദാരുണ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.
