തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് വിതരണത്തിനുള്ള ചട്ടങ്ങളിൽ സമഗ്ര മാറ്റങ്ങൾ വരുത്തുന്ന മോട്ടോർ വാഹന ചട്ടഭേദഗതിയുടെ കരട് പുറത്തിറക്കി. ലേണേഴ്സ് പരീക്ഷ ജയിക്കാൻ നിലവിൽ വേണ്ട മിനിമം മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്താനാണ് പ്രധാന നിർദേശം.
ലൈസൻസിനായി അപേക്ഷ നൽകി 15 ദിവസത്തിനകം റോഡ് സുരക്ഷ സംബന്ധിച്ച പ്രത്യേക ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു.
ഇതിനുപുറമേ, അപേക്ഷകരുടെ കൃത്യമായ ആരോഗ്യ വിവരങ്ങളും അപേക്ഷയുടെ ഭാഗമായി ശേഖരിക്കും. അപസ്മാരം പോലുള്ള രോഗബാധയുണ്ടോ, ഇതിനായി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന ചോദ്യാവലിയും അപേക്ഷയിലുണ്ടാകും. റോഡ് സുരക്ഷയും വാഹനമോടിക്കുന്നവരുടെ ആരോഗ്യക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
