പെരുവയൽ കുട്ടിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ കുട്ടിക്കാട്ടൂർ വയൽക്കര സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. സ്ഥിരം മദ്യപാനിയായ ഷിജിൻ സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പ്രതി മദ്യലഹരിയിൽ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
മർദ്ദനമേറ്റ കുഞ്ഞിനെ അമ്മ അഞ്ജന ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്കും മാറ്റി. ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ തലയിലടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തുടർന്ന് പോലീസ് അഞ്ജനയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഷിജിൻ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തുവന്നത്. കൊലപാതക വിവരം മറച്ചുവെച്ചതിനാണ് അമ്മ അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഷിജിൻ കുഞ്ഞിനെ മുൻപും മർദ്ദിക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
