കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.
പ്രതികൾക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. അമിതവേഗതയിലായിരുന്നതിന് തെളിവുകളില്ലെന്നും, മറ്റൊരു വാർത്ത ഒതുക്കാനാണ് ഈ അപകടം വലിയ വാർത്തയാക്കിയതെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ മൂന്നുപേർ വാഹനത്തിൽ സഞ്ചരിച്ചതാണ് അപകടം വരുത്തിവെച്ചതെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. എന്നാൽ അതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. നിയമലംഘനം നടത്തിയെന്ന വാദത്തിന്, അവർ മരിച്ചുപോയില്ലേ ഇനി നടപടി എടുക്കാൻ പറ്റുമോ എന്നും കോടതി ആരാഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിൽ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനികൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
