തിരുവനന്തപുരം :സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റുന്നു. അരി, പരിപ്പുവർഗ്ഗങ്ങൾ, വ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് പെട്ടെന്നുണ്ടായ വിലക്കയറ്റമാണ് അടുക്കളകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനത്തിലുണ്ടായ കുറവുമാണ് വിപണിയിൽ തിരിച്ചടിയായത്.
അരിവിപണിയിൽ പൊന്നി അരിയുടെ വില കിലോയ്ക്ക് 60രൂപയിൽ നിന്ന് 84 രൂപയായി ഉയർന്നു. കുറുവ അരിക്ക് 48 രൂപയും കൈമ അരിക്ക് 210 രൂപയുമാണ് നിലവിലെ വില. തുവരപ്പരിപ്പിനാണ് ഏറ്റവും പെട്ടെന്ന് വില ഉയർന്നത്; ഒരാഴ്ച കൊണ്ട് 120 രൂപയിൽ നിന്ന് 170 രൂപയിലെത്തി. ചെറുപയറിന് 140 രൂപയും, കടലയ്ക്ക് 130 രൂപയും, വൻപയറിന് 120 രൂപയും, ഉഴുന്നിന് 150 രൂപയുമാണ് വിപണി നിരക്ക്.
വ്യഞ്ജനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. വറ്റൽ മുളകിന് 230 രൂപയിൽ നിന്ന് 360 രൂപയായി വില കുതിച്ചുയർന്നു. മല്ലി വില 150 രൂപയിൽ നിന്ന് 210 രൂപയിലേക്കും മഞ്ഞൾ 180ൽ നിന്ന് 300 രൂപയിലേക്കും ഉയർന്നു. ഓണക്കാലത്തിനു ശേഷം കുറഞ്ഞ പഞ്ചസാര വില വീണ്ടും വർധിച്ച് മൊത്തവിപണിയിൽ 54 രൂപയിലെത്തി. പച്ചക്കറി, മീൻ വിപണിയിലും വിലക്കുറവില്ലാത്തത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു.
