തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം ഡിഎയും ഡിആറും അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം ഈ തുക ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതുവഴി സർക്കാരിന് മാസംതോറും 96 കോടി രൂപയുടെ അധിക ബാധ്യതയാണ് വരിക. ഈ വർധനയോടെ ആകെ ഡിഎ 37 ശതമാനമായി ഉയരും.
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുതിയ സർക്കാർ തീരുമാനമെടുക്കുന്നില്ലെന്ന ആക്ഷേപവും പഴയ ഡിഎ കുടിശ്ശിക നൽകുന്നതിൽ നടപടിയില്ലാത്തതും ജീവനക്കാർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം ജീവനക്കാർക്കും പെൻഷൻകാർക്കും താത്കാലിക ആശ്വാസമാകുന്നത്.
