Zygo-Ad

ഇന്ധനവില വർദ്ധിപ്പിച്ച് നയാര എനർജി: പെട്രോളിന് ലീറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചു,റഷ്യൻ ക്രൂഡ് ഇറക്കുമതിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

 


രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാൻ തീരുമാനിച്ചു. പെട്രോളിന് ലീറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളും ക്രൂഡോയിൽ വിലയിലുണ്ടായ വർദ്ധനവും മൂലം ഉണ്ടാകുന്ന കടുത്ത സാമ്പത്തിക നഷ്ടം നികത്താനാണ് ഈ നടപടിയെന്ന് കമ്പനി വക്താക്കൾ വിശദീകരിച്ചു. രാജ്യത്തുടനീളം അയ്യായിരത്തിലധികം പെട്രോൾ പമ്പുകളാണ് നയാര എനർജിക്ക് കീഴിൽ പ്രവർത്തിക്കുന്നത്.

അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ തൽക്കാലം ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. എങ്കിലും സ്വകാര്യ കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നാലെ പൊതുമേഖലാ സ്ഥാപനങ്ങളും വില കൂട്ടാൻ നിർബന്ധിതരാകുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ശക്തമാണ്.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന യു.എസ് മുന്നറിയിപ്പാണ് വിപണിയിലെ നിലവിലെ പ്രതിസന്ധിക്ക് ആധാരം. സെപ്റ്റംബർ 18-ന് 'ലിൻഡ്സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന നിയമത്തിൽ അമേരിക്ക ഒപ്പുവെച്ചതോടെ, ഒക്ടോബർ പകുതിയോടെ നിയന്ത്രണങ്ങൾ നിലവിൽ വരും. ഇതിന്റെ ഭാഗമായി റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾ നീക്കം ആരംഭിച്ചിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 45 ശതമാനമായിരുന്ന റഷ്യൻ എണ്ണയുടെ പങ്കാളിത്തം സെപ്റ്റംബറിൽ 34 ശതമാനമായി കുറഞ്ഞിരുന്നു.

ഒക്ടോബർ വരെയുള്ള ക്രൂഡ് ഓയിൽ വിതരണം റിഫൈനറികൾ മുൻകൂട്ടി ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ തുടർനടപടികൾ നിരീക്ഷിച്ച ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക. റഷ്യൻ ക്രൂഡിന്മേൽ നിയന്ത്രണം ശക്തമായാൽ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, വെനസ്വേല, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കൂടുതൽ എണ്ണ കണ്ടെത്താനുള്ള ബദൽ മാർഗങ്ങളും ഇന്ത്യൻ റിഫൈനറികൾ തേടുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ