കോട്ടയം/തേഞ്ഞിപ്പാലം: സാങ്കേതിക തടസ്സങ്ങളെ തുടർന്ന് മഹാത്മാ ഗാന്ധി (എം.ജി.), കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് (ഒക്ടോബർ 23) നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു.
ഇടിമിന്നലിൽ സെർവറിലുണ്ടായ സാങ്കേതിക തകരാറുകളെ തുടർന്നാണ് എം.ജി. സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചത്. മോശം കാലാവസ്ഥയും അനുബന്ധ സാങ്കേതിക പ്രശ്നങ്ങളും കാരണമാണ് കാലിക്കറ്റ് സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്.
അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ അറിയിച്ചു.
