Zygo-Ad

സംസ്ഥാനത്ത് മഴ കനക്കുന്നു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവനന്തപുരം തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം



കണ്ണൂർ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

അടുത്ത മൂന്ന് ദിവസങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം. ശനിയാഴ്ച 10 ജില്ലകളിലും ഞായറാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്തിന് സമീപമുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം.

കോഴിക്കോട് മലയോരമേഖലയിൽ കനത്ത മഴ തുടരുകയാണ്. താമരശ്ശേരി ചക്കിക്കാവ് വെള്ളച്ചാലിൽ റോഡ് ഇടിഞ്ഞുതാഴ്ന്ന് ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി കുടുക്കിലിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. മഴ ശക്തമായതോടെ കോഴിക്കോടും ഇടുക്കിയിലും ക്വാറി പ്രവർത്തനങ്ങൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ തീരമേഖലയിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ 'കള്ളക്കടൽ' ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ