Zygo-Ad

മാസപ്പടി കേസ്: പിണറായി വിജയൻ ഇന്ന് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകില്ല; അന്വേഷണവുമായി മുന്നോട്ടെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്


കൊച്ചി: സി.എം.ആർ.എൽ. - എക്‌സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഹാജരാകില്ല. നിയമനടപടികളും വ്യക്തിപരമായ അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹാജരാകാൻ ബുദ്ധിമുട്ട് അറിയിച്ചിട്ടുള്ളത്.

അതേസമയം, കേസ് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് ഇ.ഡി. സുപ്രീംകോടതി വിധി വിജിലൻസ് കേസിന് മാത്രമാണ് ബാധകമെന്നും ഇ.സി.ഐ.ആറിന് (ECIR) സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ ചോദ്യം ചെയ്യലുമായി മുന്നോട്ട് പോകുമെന്നും ഇ.ഡി. വ്യക്തമാക്കുന്നു. മുഖ്യമന്ത്രി നൽകിയ മറുപടി പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് അയക്കുന്ന കാര്യം പരിശോധിക്കും.

സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ നൽകുന്ന അപ്പീൽ അടുത്ത ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തും. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ ഹൈക്കോടതിയിൽ മുഖ്യമന്ത്രിക്കായി ഹാജരാകും.

പി.എം.എൽ.എ. (PMLA) കേസുകളിൽ സുപ്രീംകോടതി ഉത്തരവ് ബാധകമല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ തുടർനടപടികൾ. ഹൈക്കോടതിയുടെ വരാനിരിക്കുന്ന നടപടികൾ കൂടി നിരീക്ഷിച്ച ശേഷമായിരിക്കും ഇ.ഡി. അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുക.



വളരെ പുതിയ വളരെ പഴയ