കേരളത്തിൽ തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. നാളെയും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ട് തുടരുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 19 വരെ കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ്യത.
വടക്കുകിഴക്കൻ മൺസൂൺ കാറ്റുകളുടെ സ്വാധീനഫലമായി ഒക്ടോബർ പകുതിയോടെ കേരളത്തിൽ ലഭിക്കുന്ന തുലാവർഷം, തെക്കുപടിഞ്ഞാറൻ മൺസൂൺ പൂർണ്ണമായി പിൻവാങ്ങുന്നതോടെയാണ് ആരംഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റുമാണ് തുലാവർഷത്തിന്റെ പ്രധാന പ്രത്യേകത.
