തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വരുന്ന ഞായറാഴ്ച (ഒക്ടോബർ 25) വരെ സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യത. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെയും കർണാടക തീരത്ത് വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയും മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം തീരത്ത് (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ നാളെ രാത്രി 11.30 വരെയും, കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ നാളെ രാത്രി 11.30 വരെയും 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
