Zygo-Ad

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: സംസ്ഥാനത്ത് അറസ്റ്റിലായവർ 14,566; കേസുകളുടെ എണ്ണം 13,500 കടന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനത്തിനെതിരെ കേരള പോലീസ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) പരിശോധനകളിൽ ഇതുവരെ 14,566 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 74 കേസുകളിലായി 80 പേർ കൂടി പിടിയിലായതോടെ ആകെ കേസുകളുടെ എണ്ണം 13,507 ആയി ഉയർന്നു.

സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിൽ ഇതുവരെ 27,424.267 ഗ്രാം എം.ഡി.എം.എ., 1,797.064 കിലോഗ്രാം കഞ്ചാവ്, 7,242.302 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാത്രം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ ലഹരി കൈവശം വെച്ചതിന് 15 കേസുകളും, മീഡിയം ക്വാണ്ടിറ്റി വിഭാഗത്തിൽ 5 കേസുകളും, കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 4 കേസുകളും ഉൾപ്പെടുന്നു. ഇതുകൂടാതെ 27 എൻ.ഡി.പി.എസ്. (NDPS) ആക്ട് പ്രകാരം 50 കേസുകളും കോട്പ (COTPA) നിയമപ്രകാരം 21 കേസുകളും എടുത്തു. ഇവരിൽ നിന്ന് 125.755 ഗ്രാം എം.ഡി.എം.എ., 0.496 കിലോഗ്രാം കഞ്ചാവ്, 2.05 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

പരിശോധനകൾക്ക് പുറമെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമായി പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 11,314 ബോധവൽക്കരണ ക്ലാസുകളും 986 കൗൺസിലിംഗുകളും സംഘടിപ്പിച്ചു. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 7,916 പരിപാടികളും പൂർത്തിയാക്കി.

ലഹരി വിൽപനയോ ഉപയോഗമോ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലോ 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലോ പോലീസിനെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ