Zygo-Ad

തുലാവർഷം എത്തുന്നു: തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമ്പോൾ വടക്കൻ കേരളത്തിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവുമുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും തുലാവർഷത്തിന്റെ ഗതിയെ നേരിട്ട് സ്വാധീനിക്കും. ഇത്തവണ ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 1,446.5 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇത് 1901-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെ കാലവർഷ ലഭ്യതയാണ്. തുലാവർഷ കാലയളവിൽ പകൽ താപനില ഉയർന്നു നിൽക്കാനും ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


വളരെ പുതിയ വളരെ പഴയ