കാസർകോട്: മന്ത്രി ഒ.ജെ.ജനീഷിനെ തടഞ്ഞു നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. തൃക്കരിപ്പൂരിലുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനായ മുഹമ്മദ് സർഫ്രാസിനെ മർദിച്ചെന്ന പരാതിയിൽ 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്.
കാഞ്ഞങ്ങാട് നടന്ന പ്രതിഷേധത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. നീലേശ്വരം സംഘർഷവുമായി ബന്ധപ്പെട്ട് ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിലായിട്ടുണ്ട്. ചന്തേര പൊലീസ് സ്റ്റേഷനിൽ രണ്ടും നീലേശ്വരം, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിൽ ഒന്നു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
