ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ - ഓഗസ്റ്റ്) രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചതായി റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ഉപഭോഗത്തിലേക്ക് രാജ്യത്തെ നയിച്ചത്. കേന്ദ്ര സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (സി.ഇ.എ) പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം ഉയർന്ന ഉപഭോഗമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കോവിഡ് മഹാമാരിക്ക് ശേഷം 2022-ലും (1.8%), 2023-ലും (0.75%) മാത്രമാണ് പ്രവചനത്തേക്കാൾ ഉപഭോഗം കൂടിയതെങ്കിലും, ഇത്തവണത്തെ വർദ്ധനവ് വളരെ ഉയർന്നതാണ്. സി.ഇ.എയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപ്പാദന കമ്പനികൾ കൽക്കരി ശേഖരണവും മറ്റ് പ്രവർത്തന രൂപരേഖകളും തയ്യാറാക്കുന്നതിനാൽ, ഈ വലിയ വ്യതിയാനം രാജ്യത്തെ പവർ സിസ്റ്റം ആസൂത്രണത്തെയും കൽക്കരി വിതരണത്തെയും കാര്യമായി ബാധിച്ചു.
വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ രാജ്യത്തെ 112 സ്വകാര്യ കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. എൽ നിനോ പ്രഭാവം മൂലം അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ജലവൈദ്യുത നിലയങ്ങളിലെ ഉൽപ്പാദനത്തിൽ 11 ശതമാനത്തോളം ഇടിവുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 84,767.77 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനം നടന്നിരുന്ന സ്ഥാനത്ത് ഇത്തവണ അത് 75,304.58 ദശലക്ഷം യൂണിറ്റായി കുറഞ്ഞു.
ജലവൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ രാജ്യം കൽക്കരി നിലയങ്ങളെ കൂടുതൽ ആശ്രയിക്കാൻ നിർബന്ധിതരായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കൽക്കരി അധിഷ്ഠിത നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനം 10 ശതമാനം വർദ്ധിച്ച് 5,79,869.38 ദശലക്ഷം യൂണിറ്റിലെത്തി. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കൽക്കരി നിലയങ്ങളുടെ പ്രവർത്തനം കൂടിയതോടെ ഏപ്രിൽ ആദ്യം 55 ദശലക്ഷം ടണ്ണുണ്ടായിരുന്ന കൽക്കരി ശേഖരം സെപ്റ്റംബർ 30 എത്തുമ്പോഴേക്ക് 18.6 ദശലക്ഷം ടണ്ണായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എന്നാൽ സെപ്റ്റംബറോടെ ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും മഴ ലഭിച്ചതോടെ ഉപഭോഗത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
