Zygo-Ad

സംസ്ഥാനത്ത് മഴയിൽ വൻ കുറവ്; വരൾച്ചാ പ്രഖ്യാപന നടപടികൾക്ക് തുടക്കമായി


തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാതെ വന്നതോടെ സംസ്ഥാനത്ത് വരൾച്ചാ പ്രഖ്യാപനത്തിനുള്ള നടപടികൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തുടക്കമിട്ടു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിക്കേണ്ട മഴയിൽ 28 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാംഘട്ട വരൾച്ചാ പ്രഖ്യാപനത്തിനുള്ള നിർദ്ദേശം അതോറിറ്റി നൽകിയിട്ടുണ്ട്.

1901 ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഏഴാമത്തെ വർഷവും 2001ന് ശേഷമുള്ള നാലാമത്തെ വർഷവുമാണ് ഇത്തവണത്തേതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ അറിയിച്ചു. സാധാരണ ലഭിക്കേണ്ട 2018.6 മില്ലീമീറ്റർ മഴയ്ക്ക് പകരം 1446.5 മില്ലീമീറ്റർ മഴ മാത്രമാണ് ഇത്തവണ കാലവർഷത്തിൽ ലഭിച്ചത്.

സംസ്ഥാനമാകെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമോ അതോ ചില ജില്ലകളിൽ മാത്രം ചുരുക്കണമോ എന്ന കാര്യം ജലാശയങ്ങളിലെ ജലനിരപ്പ്, ഭൂഗർഭജല ലഭ്യത, കൃഷിനാശം എന്നിവ വിലയിരുത്തിയ ശേഷം ഒക്ടോബറിന് ശേഷമുള്ള രണ്ടാംഘട്ട പരിശോധനയിൽ തീരുമാനിക്കും. 2023ലും എൽ-നിനോ പ്രതിഭാസം കാരണം മഴയിൽ 34.3 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. മുൻപ് 2016-ൽ 33 ശതമാനം മഴ കുറഞ്ഞപ്പോഴും സംസ്ഥാനത്ത് വരൾച്ച പ്രഖ്യാപിച്ചിരുന്നു.



വളരെ പുതിയ വളരെ പഴയ