തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ നിർണ്ണായക നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി. ഒ.പി. ഡോക്ടർമാർക്ക് ആശുപത്രികളിലെ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് വിവരങ്ങൾ കൃത്യമായി ലഭ്യമാക്കണമെന്നാണ് പ്രധാന നിർദ്ദേശം.
മരുന്ന് കുറിപ്പടികളിൽ (Prescription) മരുന്നുകളുടെ ജനറിക് പേരുകൾ തന്നെ നിർബന്ധമായും എഴുതണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ലാബ് പരിശോധനകൾക്കുള്ള റീഏജന്റുകളുടെ ലഭ്യത പൂർണ്ണമായും ഉറപ്പാക്കണം. റീഏജന്റുകളുടെ സ്റ്റോക്ക്, ആവശ്യകത, നിലവിലുള്ള ക്ഷാമം എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ സമർപ്പിക്കണം. റീഏജന്റുകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ആശുപത്രി വികസന സമിതിയുടെ (HDC) ഫണ്ട് ഉപയോഗിച്ച് ഇവ വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ഇതുസംബന്ധിച്ച് കർശന നിർദ്ദേശം നൽകി. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സയും പരിശോധനകളും ഉറപ്പാക്കാനാണ് ഈ പുതിയ നടപടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
