കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട ഉപഭോക്താവിന് 24 മണിക്കൂറിനകം ബാങ്കിലും പോലീസിലും പരാതി നൽകിയ സാഹചര്യത്തിൽ നഷ്ടപ്പെട്ട 3.73 ലക്ഷം രൂപ പൂർണ്ണമായും തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (SBI) കേരള ഹൈക്കോടതി ഉത്തരവിട്ടു.
തട്ടിപ്പിൽ ഇടപാടുകാരിക്ക് യാതൊരുവിധ വീഴ്ചയോ പങ്കോ ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തിലും, കൃത്യസമയത്ത് അധികൃതരെ വിവരമറിയിച്ചതിനാലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) 'സീറോ ലയബിലിറ്റി' (Zero Liability) വ്യവസ്ഥയ്ക്ക് ഉപഭോക്താവിന് പൂർണ്ണ അർഹതയുണ്ടെന്ന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ നിരീക്ഷിച്ചു.
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, കൃത്യമായി പ്രതികരിക്കുന്ന ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി.
