കേരളം:വിലക്കയറ്റത്തിന്റെ ആഘാതത്തിൽ പാദരക്ഷാ വിപണിയും പ്രതിസന്ധിയിൽ. അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തെ തുടർന്ന് പാദരക്ഷകൾക്ക് നവംബർ ഒന്നു മുതൽ ചുരുങ്ങിയത് 10 ശതമാനം വില വർദ്ധിപ്പിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കി. പോളിത്തീൻ, സിന്തറ്റിക് റെക്സിൻ, പിവിസി, ഇവിഎ, നൂൽ, വിവിധയിനം കെമിക്കലുകൾ എന്നിവയ്ക്ക് വലിയ തോതിലാണ് വില വർദ്ധിച്ചിരിക്കുന്നത്. പാദരക്ഷകളുടെ വിലകൂട്ടാതെ വിപണിയിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൂട്‌വെയർ ഇൻഡസ്ട്രീസ് ഭാരവാഹി റസാക്ക് വി.കെ.സി വ്യക്തമാക്കി.
കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് നൽകിയിരുന്ന നികുതിയിളവ് എടുത്തുമാറ്റിയതും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാനത്ത് നൂറിലേറെ ചെറുകിട കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. ഇതുവരെ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന കമ്പനികൾ സ്വന്തം നിലയ്ക്കാണ് ഏറ്റെടുത്തിരുന്നതെങ്കിലും, ഇതേ രീതിയിൽ മുന്നോട്ടു പോകാനാവില്ലെന്ന് ഫുട്‌വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് രജിത് മുല്ലശ്ശേരി അറിയിച്ചു.
