കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ വിജിലൻസ് കേസ് എടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ്. ഇതിനെതിരെ നൽകിയ അപ്പീൽ ഹർജി നൽകാനുള്ള അനുമതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സുപ്രീം കോടതി, പിണറായി വിജയന്റെ അപ്പീൽ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നിർദ്ദേശം നൽകുകയായിരുന്നു. കൂടാതെ വിജിലൻസ് അന്വേഷണം 10 ദിവസത്തേക്ക് തടയുകയും ചെയ്തിട്ടുണ്ട്.
പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരെക്കൂടാതെ മറ്റ് പ്രതികളും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പൂർണ്ണമായും റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. സുപ്രീം കോടതി ഉത്തരവ് ഹർജിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.
