തിരുവനന്തപുരം: എറണാകുളം കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനപ്പെട്ട ചില സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തതായി റെയിൽവേ അറിയിച്ചു.
സർവീസുകളിലെ പ്രധാന മാറ്റങ്ങൾ:
* ബംഗളൂരു - എറണാകുളം വന്ദേഭാരത് (26651): ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തുകയില്ല. ഈ ട്രെയിൻ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.
* എറണാകുളം - ബംഗളൂരു വന്ദേഭാരത് (26652): എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 03.20-ന് തൃശ്ശൂരിൽ നിന്നായിരിക്കും ട്രെയിൻ ബംഗളൂരുവിലേക്ക് പുറപ്പെടുക.
* മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617): എറണാകുളം ജങ്ഷൻ - ഹസ്രത് നിസാമുദ്ദീൻ സർവീസ് ചൊവ്വാഴ്ച വൈകിട്ട് 02.55-നായിരിക്കും എറണാകുളത്ത് നിന്ന് പുറപ്പെടുക.
വൈകുന്ന മറ്റ് ട്രെയിനുകൾ:
* പരശുറാം എക്സ്പ്രസ് (16649): മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് 1 മണിക്കൂറും 15 മിനിറ്റും വൈകിയോടും.
* നേത്രാവതി എക്സ്പ്രസ് (16346): തിരുവനന്തപുരം സെൻട്രൽ - ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് 1 മണിക്കൂറും 20 മിനിറ്റും വൈകും.
* തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് (19577): 40 മിനിറ്റ് വൈകിയായിരിക്കും സർവീസ് നടത്തുക.
ചൊവ്വാഴ്ച യാത്ര പ്ലാൻ ചെയ്യുന്നവർ സമയക്രമത്തിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.
