തിരുവനന്തപുരം: റോഡിലെ അശ്രദ്ധയും തെറ്റായ രീതിയിലുള്ള ഓവർടേക്കിങ്ങും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഓർമ്മിപ്പിച്ച് കേരള മോട്ടോർ വാഹന വകുപ്പ് (MVD). ഒരു നിമിഷത്തെ തിടുക്കവും അഹങ്കാരവും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് കരിച്ചുകളയുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എം.വി.ഡിയുടെ മുന്നറിയിപ്പ്. സ്വന്തം ജീവന് പുറമെ എതിർദിശയിൽ വരുന്ന നിരപരാധികളുടെ ജീവനും ഭീഷണിയാകുന്ന മരണപ്പാച്ചിലുകൾ ഒഴിവാക്കണമെന്നും, റോഡിൽ ധൃതിയല്ല വിവേകമാണ് വേണ്ടതെന്നും പോസ്റ്റിൽ പറയുന്നു.
ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
* ദൃശ്യപരത ഉറപ്പാക്കുക: മുന്നിലെ റോഡ് വ്യക്തമായി കാണാൻ കഴിയാത്ത വളവുകൾ, കയറ്റങ്ങൾ, പാലങ്ങൾ, ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ ഒരിക്കലും ഓവർടേക്ക് ചെയ്യരുത്.
* സിഗ്നലുകൾ നൽകുക: ഇൻഡിക്കേറ്ററും ഹോണും കൃത്യമായി ഉപയോഗിച്ച് നിങ്ങളുടെ ഉദ്ദേശ്യം മുന്നിലുള്ളവർക്കും പിന്നിലുള്ളവർക്കും നൽകുക. പിന്നിലെ വാഹനങ്ങൾ മിററിലൂടെ നിരീക്ഷിക്കണം.
* വലതുവശത്തു കൂടിയുള്ള മറികടക്കൽ: സാധാരണയായി വലതുവശത്തുകൂടിയാണ് ഓവർടേക്ക് ചെയ്യേണ്ടത്. എന്നാൽ മുന്നിലെ വാഹനം വലത്തേക്ക് തിരിയാൻ സിഗ്നൽ നൽകിയാലോ മൾട്ടി ലേൻ റോഡിൽ സ്വന്തം ലെയ്നിൽ നിന്ന് മാറാതെ സുരക്ഷിതമായ രീതിയിലോ ഇടതുവശത്തു കൂടിയും ഓവർടേക്ക് ചെയ്യാം.
* ദൂരവും വേഗതയും കണക്കാക്കുക: എതിരെ വരുന്ന വാഹനത്തിന്റെ വേഗത കുറച്ചുകാണരുത്. ഓവർടേക്ക് പൂർത്തിയാക്കാൻ ആവശ്യമായ സുരക്ഷിത ദൂരം ഉണ്ടെന്ന് ഉറപ്പാക്കണം.
* സുരക്ഷിത അകലം പാലിക്കുക: മുന്നിലെ വാഹനത്തെ മറികടന്ന ശേഷം ആവശ്യമായ സുരക്ഷിത അകലം പാലിച്ച് മാത്രം സ്വന്തം ലെയ്നിലേക്ക് തിരികെ പ്രവേശിക്കുക.
* നിയമങ്ങൾ പാലിക്കുക: സോളിഡ് വൈറ്റ് അല്ലെങ്കിൽ യെല്ലോ ലൈൻ ഉള്ളിടങ്ങളിലും, സ്കൂൾ-ആശുപത്രി പരിസരങ്ങളിലും, സീബ്ര ക്രോസിംഗുകളിലും തിരക്കേറിയ നഗര റോഡുകളിലും ഓവർടേക്കിംഗ് കർശനമായി നിരോധിച്ചതും നിയമവിരുദ്ധവുമാണ്.
നിരത്തിൽ തോറ്റുകൊടുക്കുമ്പോഴാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുന്നതെന്ന കാര്യം ഓർക്കണമെന്നും, പരസ്പര ബഹുമാനത്തോടെയും ജാഗ്രതയോടെയും വാഹനം ഓടിക്കാൻ എല്ലാവരും തയ്യാറാകണമെന്നും എം.വി.ഡി. ഓർമ്മിപ്പിക്കുന്നു.
