കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർ പ്രവേശിക്കുമ്പോൾ അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വാഹനങ്ങൾ നിർത്തിക്കൊടുക്കേണ്ടത് ഡ്രൈവർമാരുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മുക്കം സംസ്ഥാന പാതയിൽ അഭിലാഷ് ജംഗ്ഷന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് കുറ്റിപ്പാലക്കൽ സ്വദേശിനി എ.എം. ആമിന (72) മരിച്ച സംഭവത്തിലാണ് കമ്മീഷൻ നടപടി. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്തിരുന്നു.
കാൽനടയാത്രക്കാർക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് സീബ്രാ ക്രോസിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. അടിസ്ഥാന ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും നിയമങ്ങൾ പാലിക്കുന്നതിലെ അലംഭാവവും കാൽനടയാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ്.
സീബ്രാ ക്രോസിംഗിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഡ്രൈവർമാരിൽ, പ്രത്യേകിച്ച് പൊതുവാഹന ഡ്രൈവർമാരിൽ, ബോധവത്കരണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷൻ വിലയിരുത്തി. അപകടങ്ങൾ സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്നതിനുപകരം അവ മുൻകൂട്ടി തടയുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
കേസിനാസ്പദമായ സംഭവത്തിൽ സ്വീകരിച്ച നടപടികൾ, അപകടത്തിന്റെ സാഹചര്യം, നിലവിലുള്ള ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ നിർദ്ദേശിച്ചു.
സീബ്രാ ക്രോസിംഗ് ഉൾപ്പെടെയുള്ള ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുവാഹനങ്ങളിലെയും മറ്റ് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകാൻ കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും അടിയന്തര നടപടി സ്വീകരിക്കണം. സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച റിപ്പോർട്ടും കമ്മീഷന് സമർപ്പിക്കണം.
സെപ്റ്റംബറിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
