പട്ന: നേപ്പാളിലെ കടുപ്പമേറിയ പ്രളയത്തിന് പിന്നാലെ അതിർത്തി നദികളിലൂടെ ഒഴുകിയെത്തുന്ന അപൂർവ്വവും ഭീമൻ വലിപ്പമുള്ളതുമായ മത്സ്യങ്ങൾ കഴിക്കരുതെന്ന് ബിഹാർ മൃഗ സംരക്ഷണ-മത്സ്യവകുപ്പ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. കോസി, ഗണ്ഠക് നദികളിലൂടെയാണ് ഇത്തരം അപരിചിത മത്സ്യങ്ങൾ അതിർത്തി കടന്ന് എത്തുന്നത്.
കണ്ടെത്തിയ ചില മത്സ്യങ്ങൾ ചത്തതും അല്ലെങ്കിൽ രോഗബാധിതവുമാകാൻ സാധ്യതയുണ്ടെന്നും ഇത് ഭക്ഷിക്കുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസ് രോഗബാധകൾക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ പ്രളയജലത്തിൽ നിന്ന് ലഭിക്കുന്ന ഇത്തരം മത്സ്യങ്ങൾ പിടിക്കുന്നതും വാങ്ങുന്നതും വിൽക്കുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്ന് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു.
