കൊച്ചി: വയനാട്ടിലെ വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിച്ചു.
മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ പരിശോധനയ്ക്കിടെയാണ് 67 ലിറ്ററിലധികം മദ്യം വയനാട്ടിലെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. വിദേശ നിർമ്മിത മദ്യം (43 ലിറ്റർ), വിദേശ വൈൻ (4.824 ലിറ്റർ), കേരള വൈൻ (5.500 ലിറ്റർ), മിലിട്ടറി ലിക്കർ (860 എം.എൽ), വീട്ടിൽ നിർമ്മിച്ചതെന്ന് സംശയിക്കുന്ന വൈൻ (12.750 ലിറ്റർ) എന്നിവയാണ് പിടിച്ചെടുത്തത്.
മഹസർ വായിച്ച് കേൾപ്പിച്ചെങ്കിലും എഫ്.ഐ.ആർ പകർപ്പ് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്ന് ആന്റോ നിലപാടെടുത്തത് റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കേരളത്തിൽ ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം എക്സൈസ് വിശദമായി പരിശോധിച്ചു വരികയാണ്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്ന് ഉറപ്പുവരുത്തിയ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്.
