Zygo-Ad

സമയക്രമത്തെച്ചൊല്ലി തമ്മിലടിച്ച ബസ് ജീവനക്കാരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു


കോഴിക്കോട്: സമയക്രമത്തെച്ചൊല്ലി തെരുവിൽ ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിംഗ്, കണ്ടക്ടർ ലൈസൻസുകൾ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. രണ്ട് ഡ്രൈവർമാരുടെയും ഒരു കണ്ടക്ടറുടെയും ലൈസൻസുകളാണ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സസ്പെൻഡ് ചെയ്തത്. ഇതിലൊരു ബസിലെ കണ്ടക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ബേപ്പൂർ-മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന 'സെവൻ ഡെയ്സ്', കോഴിക്കോട്-പെരുമണ്ണ റൂട്ടിലോടുന്ന 'സരോജിനി' എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയും മെഡിക്കൽ കോളേജ് പോലീസ് ബസുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരാതിയില്ലെന്ന് ഇരുവിഭാഗവും പോലീസ് സ്റ്റേഷനിൽ എഴുതി നൽകിയതോടെ പോലീസിന് നിയമനടപടികളുമായി മുന്നോട്ട് പോകാനായില്ല.

തുടർന്ന് സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് വിഭാഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ജീവനക്കാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി. ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള തുടർനടപടികൾക്കായി വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ