കാസർകോട്: കാറിൽ കടത്തുകയായിരുന്ന രാസലഹരിയായ എം.ഡി.എം.എയുമായി യുവാവിനെയും പെൺസുഹൃത്തിനെയും വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ എയ്യള സ്വദേശി മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തസ്ലിം ഫർസാന (24) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി ഏഴേമുക്കാലോടെ ലഹരിവിരുദ്ധ ഡ്രൈവായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. ചെർക്കള മേൽപ്പാലത്തിന് സമീപം വെച്ച് പോലീസിനെ കണ്ടതോടെ പ്രതികൾ കാർ തിരിച്ച് കാസർകോട് ഭാഗത്തേക്ക് അമിതവേഗതയിൽ ഓടിച്ചു പോകാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന പോലീസ് സംഘം വാഹനം തടഞ്ഞു നിർത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിൽ ഇവർക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച കാറും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ എസ്.ഐ വിജയൻ മേലത്തിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.വി. ജഗദീശൻ, എ.എസ്.ഐ പ്രദീപ് കുമാർ, സീനിയർ പോലീസ് ഓഫീസർ സുജീഷ്, സി.പി.ഒ സന്ധ്യ, ഡ്രൈവർ സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
