Zygo-Ad

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് സമരത്തിലേക്ക്

 


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം രൂക്ഷമായ പ്രതിസന്ധിയിലായതിനെ തുടർന്ന് സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാൻ ബസുടമകളുടെ യോഗം തീരുമാനിച്ചു. ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയാണ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.

സമരത്തിന് മുന്നോടിയായി ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രിയെയും ഒരു തവണ കൂടി കണ്ട് ചർച്ച നടത്തും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് സമാന സംഘടനകളുമായി നിലവിൽ ആശയവിനിമയം നടത്തിവരികയാണെന്നും എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിദഗ്ധ സമിതി റിപ്പോർട്ടിൽ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള നിർദേശങ്ങളൊന്നുമില്ലാത്തതാണ് സർവീസ് നിർത്തിവെക്കാൻ ബസുടമകളെ പ്രേരിപ്പിച്ചത്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, മിനിമം ചാർജ് ഉയർത്തുക, ഡീസലിന് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. സർക്കാരിന്റെ നിലപാടറിഞ്ഞ ശേഷം സമര തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും.


വളരെ പുതിയ വളരെ പഴയ