Zygo-Ad

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.അതേസമയം ഇന്ന് ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത


തിരുവനന്തപുരം: മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ചയോടെ മധ്യപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരപ്രദേശത്തുമായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.

ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കുന്നതിനായി പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.


വളരെ പുതിയ വളരെ പഴയ