തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ എറ്റിസ് (1980s) വിന്റേജ് എ.ഐ ട്രെൻഡിൽ പങ്കാളികളായി മലയാളികളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളും. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി. ശിവൻകുട്ടി, ഒ. ജെ. ജനീഷ് തുടങ്ങിയ നേതാക്കൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ തങ്ങളുടെ പഴയകാല ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു.
ഇന്നത്തെ ഒരു സാധാരണ ചിത്രം നൽകിയാൽ ആ വ്യക്തിയുടെ മുഖസാദൃശ്യം നിലനിർത്തിക്കൊണ്ട് 1980-കളിലെ വസ്ത്രധാരണം, ഹെയർസ്റ്റൈൽ, ലൈറ്റിങ്, സ്കൂൾ ഇയർബുക്ക് പോർട്രെയ്റ്റ് മാതൃകയിലുള്ള പശ്ചാത്തലം എന്നിവ പുനഃസൃഷ്ടിക്കുന്നതാണ് ഈ എ.ഐ ട്രെൻഡ്.
1980-കൾക്ക് പുറമെ 70, 90 കാലഘട്ടങ്ങളിലെ റെട്രോ വിന്റേജ് ലുക്കുകളും ഇത്തരം എ.ഐ ടൂളുകൾ വഴി മാറ്റിയെടുക്കാൻ സാധിക്കും. ജനപ്രിയ താരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും പിന്നാലെ നിരവധി പേരാണ് നിലവിൽ സോഷ്യൽ മീഡിയയിൽ ഈ എ.ഐ ട്രെൻഡിന്റെ ഭാഗമാകുന്നത്.
