കോട്ടയം: വിവാഹ ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങിയ ശേഷം കാറ്ററിങ് ഉടമകൾ മുങ്ങിയതായി പരാതി. കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഉദയം കാറ്ററിങ് സർവീസ്' എന്ന സ്ഥാപനത്തിനും ഇതിന്റെ നടത്തിപ്പുകാരനായ വിഷ്ണുവിനുമെതിരെയാണ് കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുള്ളത്.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും നടന്ന രണ്ട് കല്യാണങ്ങൾക്കാണ് ഞായറാഴ്ച ഭക്ഷണം മുടങ്ങിയത്. ഓൺലൈൻ വഴിയാണ് രണ്ട് കുടുംബങ്ങളും ഈ കാറ്ററിങ് സർവീസിനെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ടത്. തുടർന്ന് മുൻകൂറായി ഒരു ലക്ഷം രൂപയോളം വിഷ്ണുവിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങുകൾ പൂർത്തിയായിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് തട്ടിപ്പ് വിവരമറിയുന്നത്. തുടർന്ന് മറ്റ് ഹോട്ടലുകളിൽ നിന്ന് അടിയന്തരമായി ഭക്ഷണം എത്തിച്ചാണ് രണ്ട് കുടുംബങ്ങളും അതിഥികൾക്ക് നൽകിയത്.
സംഭവത്തിൽ തട്ടിപ്പിനിരയായ കുടുംബങ്ങൾ പോലീസിൽ പരാതി നൽകി. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമാനമായ രീതിയിൽ ഉദയം കാറ്ററിങ് സർവീസിൽ നിന്ന് തട്ടിപ്പ് നേരിട്ടതായി കാണിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
