Zygo-Ad

കണ്ണൂർ വിമാനത്താവളത്തിൽ പാസ്‌പോർട്ട് മാറിപ്പോയി: പ്രവാസിയുടെ യാത്ര മുടങ്ങി


കണ്ണൂർ: പാസ്‌പോർട്ട് അബദ്ധത്തിൽ മറ്റൊരു യാത്രക്കാരിയുടെ കൈവശമായതിനെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി. കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി സുകൃതം വീട്ടിൽ പറമ്പൻ പ്രവീണിനാണ് ഈ ദുരനുഭവമുണ്ടായത്.

ബഹ്‌റൈനിലേക്ക് പോകാനായി രാവിലെ വിമാനത്താവളത്തിലെത്തിയ പ്രവീൺ, ബോർഡിങ് പാസ് എടുത്ത ശേഷം സുരക്ഷാ പരിശോധനയ്ക്കായി സാധനങ്ങൾ നൽകിയ കൂട്ടത്തിലാണ് പാസ്‌പോർട്ടും വെച്ചിരുന്നത്. സ്‌കാനിങ്ങിന് ശേഷം ബാഗ് തിരികെ ലഭിച്ചെങ്കിലും പാസ്‌പോർട്ട് കാണാത്തതിനെ തുടർന്ന് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സൗദിയിലേക്ക് പോകുന്ന ഒരു യാത്രിക അബദ്ധവശാൽ സ്വന്തം പാസ്‌പോർട്ടിനൊപ്പം പ്രവീണിന്റെ പാസ്‌പോർട്ട് കൂടി എടുത്തു കൊണ്ടുപോയതായി വ്യക്തമായത്. യാത്രാമധ്യേ വിമാനത്തിലെ ജീവനക്കാരെ പാസ്‌പോർട്ട് ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വാങ്ങാൻ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. സൗദിയിലെത്തിയ ശേഷം ഈ യാത്രക്കാരി ഇന്ത്യൻ എംബസി ഓഫീസിൽ പാസ്‌പോർട്ട് ഏൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ പാസ്‌പോർട്ട് പ്രവീണിന് തിരികെ ലഭിച്ചെങ്കിലും യാത്ര മുടങ്ങിയതിൽ വിമാനത്താവള അധികൃതരുടെ വീഴ്ചയുണ്ടെന്ന് പ്രവീൺ ആരോപിച്ചു.



വളരെ പുതിയ വളരെ പഴയ