കോഴിക്കോട്: ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ചു. ചേവായൂർ സ്വദേശിയും വാഹന-സ്ഥല കച്ചവടക്കാരനുമായ സി.പി. സുധാകരൻ (65) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെ സുധാകരന്റെ വീടിന് സമീപത്തുവെച്ചായിരുന്നു ദുരന്തം.
വ്യവസായ ആവശ്യങ്ങൾക്കായി കൊയിലാണ്ടിയിലേക്ക് പോകാനായി വീട്ടിൽ നിന്ന് കാറുമായി ഇറങ്ങിയതായിരുന്നു സുധാകരൻ. ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം നഷ്ടമായി കാർ സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാതിൽ അടഞ്ഞുപോയതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ സുധാകരൻ വാഹനത്തിനുള്ളിൽ കുടുങ്ങി. നിമിഷങ്ങൾക്കകം കാറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
