മാണ്ഡ്യ: ജീവിതകാലം മുഴുവൻ തെരുവിൽ കൈനീട്ടി ജീവിച്ച വൃദ്ധയുടെ മരണത്തിന് പിന്നാലെ വാടകവീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം കണ്ടെത്തി. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ ഹൂർ (68) എന്ന വൃദ്ധയുടെ വീട്ടിൽ നിന്നാണ് 30-ലധികം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവർ അന്തരിച്ചത്.
സഹോദരിയുടെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ഹൂർ, ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് ഭക്ഷണത്തിന് ആവശ്യമായത് മാത്രം ഉപയോഗിച്ച് ബാക്കി തുക ചാക്കുകളിൽ സൂക്ഷിക്കുകയായിരുന്നു. മരണശേഷമുള്ള പരിശോധനയിൽ അയൽവാസികളാണ് വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ചാക്കുകളും തുണിസഞ്ചികളും കണ്ടെത്തിയത്.
തുടർന്ന് നടത്തിയ എണ്ണലിൽ 10, 20, 50 രൂപ നോട്ടുകളും നാണയങ്ങളുമായി ആകെ 8.40 ലക്ഷം രൂപയുണ്ടെന്ന് വ്യക്തമായി. പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തുക ഹൂറിന്റെ സഹോദരന്മാർക്ക് കൈമാറി. ഇതിൽ 6 ലക്ഷം രൂപ ഒരു സഹോദരൻ സ്വീകരിക്കുകയും ബാക്കി 2.40 ലക്ഷം രൂപ രണ്ടാമത്തെ സഹോദരൻ പ്രാദേശിക മസ്ജിദിലേക്ക് സംഭാവനയായി നൽകുകയും ചെയ്തു.
