Zygo-Ad

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്തക്ഷാമം: 799 ഒഴിവുകൾ ഒഴിഞ്ഞുകിടക്കുന്നു

 


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്തക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. നിലവിൽ വിവിധ തസ്തികകളിലായി 799 ഒഴിവുകളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും അസിസ്റ്റന്റ് സർജൻ തസ്തികയിലാണ്; 431 ഒഴിവുകൾ. പി.എസ്.സി. വഴി 430 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചതിൽ 134 പേർക്ക് നിയമന ഉത്തരവ് നൽകിയെങ്കിലും ഇതിൽ കുറച്ചുപേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്.

​കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാരുടെ ക്ഷാമം അനുഭവപ്പെടുന്നത്. കാസർകോട് ജില്ലയിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ മാത്രം 113 ഒഴിവുകളുണ്ട്. കൂടാതെ പാലക്കാട് 87, കണ്ണൂരിൽ 70, ഇടുക്കിയിൽ 41 എന്നിങ്ങനെയാണ് അസിസ്റ്റന്റ് സർജൻമാരുടെ ഒഴിവുകൾ. പത്തനംതിട്ടയിൽ 25 ഒഴിവുകളും തൃശ്ശൂരിൽ ഏഴ് സിവിൽ സർജൻ ഒഴിവുകളുമുണ്ട്. കൊല്ലത്ത് കൺസൾട്ടന്റ് തലത്തിൽ 14-ഉം വയനാട്ടിൽ കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ് തലങ്ങളിലായി 29 ഒഴിവുകളുമുണ്ട്.

​പി.എസ്.സി. ശുപാർശ ചെയ്തവർ ജോലിയിൽ പ്രവേശിക്കാത്തതും സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കാത്തതുമാണ് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കാൻ കാരണം. ഈ പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്.ആർ. സെൽ രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. അനിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണിത്. ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി ഡിസംബറിനുമുൻപ് സ്ഥാനക്കയറ്റം നൽകി പ്രശ്നം പരിഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം.


വളരെ പുതിയ വളരെ പഴയ