Zygo-Ad

രോഗികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

 


ഡോ. അംബേദ്കർ മെഡിക്കൽ എയ്ഡ് സ്‌കീം പ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുരുതര രോഗബാധിതരായ രോഗികൾക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്കർ ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

വാർഷിക കുടുംബവരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽപ്പെട്ട രോഗികൾക്കാണ് പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷിക്കാനാകുക. വിവിധ രോഗങ്ങൾക്കും ചികിത്സകൾക്കും നിശ്ചിത പരിധിവരെ സാമ്പത്തിക സഹായം ലഭിക്കും.

ഹൃദയ ശസ്ത്രക്രിയയ്ക്ക് പരമാവധി 1.50 ലക്ഷം രൂപയും വൃക്ക ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവയ്ക്ക് പരമാവധി 3.50 ലക്ഷം രൂപയും ലഭിക്കും. കാൻസർ ചികിത്സ, ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയ്ക്ക് പരമാവധി 2.50 ലക്ഷം രൂപയാണ് ധനസഹായം. മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപ വരെയും വൃക്ക, മറ്റ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് 3.50 ലക്ഷം രൂപ വരെയും ലഭിക്കും. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് 1.50 ലക്ഷം രൂപയും മറ്റ് ജീവൻരക്ഷാ ചികിത്സകൾക്കും രോഗങ്ങൾക്കും പരമാവധി രണ്ട് ലക്ഷം രൂപ വരെയും ധനസഹായം ലഭിക്കും.

എല്ലാ എയിംസ് സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ സി.ജി.എച്ച്.എസ് അംഗീകൃത ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ, സംസ്ഥാന സർക്കാർ ആശുപത്രികൾ, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിലെ ചികിത്സകൾ പദ്ധതിയുടെ പരിധിയിൽ വരും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും dosje.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഷാഫി പറമ്പിൽ എം.പി.യുടെ ഓഫീസുമായി ബന്ധപ്പെടാം.

വളരെ പുതിയ വളരെ പഴയ