Zygo-Ad

ഓൺലൈൻ പാർട്ട് ടൈം തൊഴിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി സൈബർ പോലീസ്


കേരളം: വീട്ടിലിരുന്ന് ജോലി ചെയ്ത് ദിവസേന ആയിരക്കണക്കിന് രൂപ സമ്പാദിക്കാമെന്ന വ്യാജ പരസ്യങ്ങൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി സൈബർ പോലീസ്. യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുക, ഗൂഗിൾ മാപ്പിൽ റേറ്റിംഗ് നൽകുക, ഓൺലൈനിൽ പുസ്തകങ്ങൾ വായിക്കുക, ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുക തുടങ്ങിയ ലളിതമായ ജോലികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നത്.

തുടക്കത്തിൽ വിശ്വസ്തത വളർത്താനായി ചെറിയ തുകകൾ അക്കൗണ്ടിലേക്ക് അയച്ചുനൽകിയ ശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. പിന്നീട് കൂടുതൽ വരുമാനം ലഭിക്കുന്ന 'വി.ഐ.പി ടാസ്കുകൾ' എന്ന പേരിൽ രജിസ്ട്രേഷൻ ഫീസോ വെർച്വൽ ഓർഡർ തുകയോ ആയി ആയിരക്കണക്കിന് രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഈ തുകയും അതിൻ്റെ കമ്മീഷനും ആപ്പുകളിൽ കാണിക്കുമെങ്കിലും, പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ നികുതിയും അൺലോക്ക് ഫീസും ചോദിച്ച് വീണ്ടും തട്ടിപ്പ് തുടരുകയാണ് ചെയ്യുന്നത്. വീട്ടമ്മമാർ, വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ എന്നിവരാണ് പ്രധാനമായും ഇത്തരം കെണികളിൽ അകപ്പെടുന്നത്.

ഏതെങ്കിലും ജോലിക്ക് മുൻകൂറായി പണം ആവശ്യപ്പെടുകയോ, അമിത വരുമാനം വാഗ്ദാനം ചെയ്യുകയോ ചെയ്താൽ അത് തട്ടിപ്പാണെന്ന് ഉറപ്പിക്കണമെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ cybercrime.gov.in എന്ന പോർട്ടലിലോ പരാതിപ്പെടേണ്ടതാണ്.



വളരെ പുതിയ വളരെ പഴയ