പേരാവൂർ: കല്യാണവീട്ടിലെത്തിയവരെ അയൽവാസിയുടെയും കൂട്ടാളികളുടെയും നേതൃത്വത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൻസാറിന്റെ നില തുടരുകയാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കല്യാണവീട്ടിൽ വെച്ച് യുവാക്കൾ മദ്യപിച്ച് പാട്ട് പാടിയത് അയൽവാസിയായ രാജേഷ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. വാക്കുതർക്കം രൂക്ഷമായതോടെ രാജേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമണം നടത്തുകയായിരുന്നു. കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ നേരത്തെ തന്നെ അതിർത്തി തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രധാന പ്രതിയായ രാജേഷിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
