തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഇനി പിൻമാറാനാകില്ലെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ വിഡി സതീശൻ വ്യക്തമായി അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കേന്ദ്രസഹായം പൂർണമായി നഷ്ടമാകുമെന്ന് അദ്ദേഹം യോഗത്തെ ധരിപ്പിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി യോഗത്തിൽ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, കേന്ദ്രവുമായി കരാർ ഒപ്പിട്ട സാഹചര്യത്തിൽ ഇനി ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്ന നിലപാടിൽ വിഡി സതീശൻ ഉറച്ചുനിൽക്കുകയായിരുന്നു. പിന്മാറിയാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും നിയമോപദേശവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാർട്ടി വികാരം മാനിക്കുന്നുണ്ടെന്നും ക്യാബിനറ്റ് ഉപസമിതി റിപ്പോർട്ട് വന്ന ശേഷമായിരിക്കും തുടർന്നുള്ള നടപടികളെന്നും വ്യക്തമാക്കി.
സർക്കാരും പാർട്ടിയും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്ന ദീപാ ദാസ് മുൻഷിയുടെ വിമർശനത്തിനും യോഗത്തിൽ മറുപടിയുണ്ടായി. കെപിസിസി പ്രസിഡന്റ് അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. അതേസമയം, പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെന്ന ആവശ്യം പിജെ കുര്യൻ, കെസി ജോസഫ്, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർ മുന്നോട്ടുവെച്ചു. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥാനത്ത് സജീവമല്ലെന്ന വിമർശനത്തെ ബെന്നി ബഹന്നാനും പിന്തുണച്ചതായാണ് വിവരം.
