Zygo-Ad

കേരളത്തിലെ പഴം-പച്ചക്കറികളിൽ കീടനാശിനി സാന്നിധ്യം കുറവെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട്


തിരുവനന്തപുരം: കേരളത്തിൽ ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം നാമമാത്രമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പഠന റിപ്പോർട്ട്. എന്നാൽ കേരളം പ്രധാനമായും ആശ്രയിക്കുന്ന കർണാടക, തെലങ്കാന എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ നിശ്ചിത പരിധിക്കും മുകളിലാണ് രാസാംശമുള്ളതെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു.

'നാഷണൽ ലെവൽ മോണിറ്ററിംഗ് ഓഫ് പെസ്റ്റിസൈഡ് റെസിഡ്യൂസ്' പദ്ധതിയുടെ ഭാഗമായി 2023-26 കാലയളവിൽ രാജ്യത്തെ 40 കേന്ദ്ര ലാബുകളിലായി 23 സംസ്ഥാനങ്ങളിൽ നിന്നുള്ള 70,652 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ ദേശീയ ശരാശരി 3.1 ശതമാനമായിരിക്കെ, കേരളത്തിൽ പരിശോധിച്ച 4,130 സാമ്പിളുകളിൽ 1.98 ശതമാനത്തിൽ (82 എണ്ണം) മാത്രമാണ് സുരക്ഷാ പരിധിക്ക് മുകളിൽ കീടനാശിനി കണ്ടെത്തിയത്.

തെലങ്കാനയിലാണ് ഏറ്റവും ഉയർന്ന കീടനാശിനി സാന്നിധ്യം (5.92%) രേഖപ്പെടുത്തിയത്. കർണാടകയിൽ 3.64 ശതമാനവും തമിഴ്നാട്ടിൽ 2.24 ശതമാനവുമാണ് തോത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) മാനദണ്ഡപ്രകാരമാണ് സാമ്പിളുകൾ പരിശോധിച്ചത്. സുരക്ഷിത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി എ.ഐ അധിഷ്ഠിത 'നാഷണൽ പെസ്റ്റ് സർവൈലൻസ് സിസ്റ്റം' ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ