Zygo-Ad

തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വൻ അപകടം: എട്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു


തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി എട്ട് കോളജ് വിദ്യാർത്ഥികൾ മരിച്ചു. തമിഴ്നാട് ദിണ്ഡിഗൽ പി.എസ്.എൻ.എ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 66-ൽ തൃശൂർ പറമ്പിക്കുന്ന് സെന്ററിൽ ഇന്നലെ രാത്രി 11.42-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

മരിച്ചവരിൽ തമിഴ്‌നാട് സ്വദേശികളായ വിശ്വ, സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ജിത്ത് എന്നിവരെ തിരിച്ചറിഞ്ഞു. മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ആറുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ ഡിവൈഡറിനോട് ചേർന്ന് സൂചനാ ബോർഡുകൾ മറയ്ക്കുന്ന രീതിയിലാണ് ലോറി നിർത്തിയിട്ടിരുന്നത്. അമിതവേഗത്തിലെത്തിയ കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



വളരെ പുതിയ വളരെ പഴയ