ന്യൂഡൽഹി: സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം, ക്യാഷ് റീസൈക്ലർ സർവീസ് നിരക്കുകൾ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സാധാരണ സേവിങ്സ് അക്കൗണ്ടുകൾക്ക് ലഭിച്ചിരുന്ന സൗജന്യ ഇടപാടുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനൊപ്പം സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കൽ ചാർജുകളും ബാങ്ക് കൂട്ടി. പുതുക്കിയ സേവന നിരക്കുകൾ പ്രാബല്യത്തിൽ വന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക് കനറാ ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം ലഭിക്കുന്ന സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ മാറ്റമില്ല.
പുതുക്കിയ നിബന്ധനകൾ പ്രകാരം സാധാരണ സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഒരു മാസത്തിൽ കനറാ ബാങ്ക് എടിഎമ്മുകളിൽ നിന്നും ക്യാഷ് റീസൈക്ലറുകളിൽ നിന്നും പരമാവധി അഞ്ച് സൗജന്യ ഇടപാടുകൾ മാത്രമേ നടത്താനാകൂ. മുൻപ് ഇത് ആറ് ഇടപാടുകളായിരുന്നു. മുതിർന്ന പൗരന്മാർക്ക് മാസത്തിൽ എട്ട് സൗജന്യ ഇടപാടുകൾ എന്ന ആനുകൂല്യം തുടർന്നും ലഭിക്കും.
സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ തവണ പണം പിൻവലിക്കുമ്പോഴും 23 രൂപയും ജിഎസ്ടിയും ഈടാക്കും. മുൻപ് ഇത് 20 രൂപയും ജിഎസ്ടിയുമായിരുന്നു. മിനി സ്റ്റേറ്റ്മെന്റ്, ബാലൻസ് പരിശോധന തുടങ്ങിയ സാമ്പത്തികേതര ഇടപാടുകൾക്ക് സൗജന്യ പരിധി കഴിഞ്ഞാൽ പഴയ നിരക്കായ 5 രൂപയും ജിഎസ്ടിയും തന്നെ തുടരും.
മറ്റ് ബാങ്ക് എടിഎമ്മുകളിൽ കനറാ ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ മെട്രോ നഗരങ്ങളിൽ മൂന്നും നോൺ-മെട്രോ നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ ലഭിക്കും. ഈ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കാൻ 23 രൂപയും ജിഎസ്ടിയും, നോൺ-ഫിനാൻഷ്യൽ ഇടപാടുകൾക്ക് 11 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും. അതേസമയം, ഗ്രീൻ പിൻ റീജനറേഷനുള്ള ഫീസ് 23 രൂപയിൽ നിന്ന് 5 രൂപയും ജിഎസ്ടിയുമായി ബാങ്ക് കുറച്ചിട്ടുണ്ട്.
